കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചെന്ന് സംശയം. കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയിക്കുന്നത്. ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു. യുവി ഇൻഡക്സ് ഉയർന്ന മൂന്നാറിൽ അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുനലൂരിൽ സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് പേഖപ്പെടുത്തിയത്. കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് പൊതുജനം സ്വയം ലോക്ഡൗൺ പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെൽഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേബി ഫിലിപ്പിന് സൂര്യാഘാതമേറ്റെന്നാണ് സംശയം. എൺപത്തഞ്ചുകാരനായ ബേബിയെ കൃഷിയിടത്തിൽ വെയിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് പട്ടാമ്പയിൽ വയോധികൻ മരിച്ചതും സൂര്യാഘാതമേറ്റെന്നാണ് സംശയം. പുലാമന്തോൾ സ്വദേശി ബഷീറിനെ വീട്ടുവളപ്പിലാണ് വീണ് കിടക്കുന്നനിലയിൽ കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് താമരശേരിയിൽ ആശാരിപ്പണിക്കാരനായ യുവാവിന്‍റെ കൈകളിൽ കുമികൾ പൊങ്ങി. മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റതും ജോലിക്കിടെയാണ്. കോഴിക്കോട് പന്നിക്കോടിൽ ബൈക്ക് യാത്രികന്റെ കൈകളിലും കാലിലും പൊള്ളലേറ്റു. ഇടുക്കിയിൽ മുട്ടത്തും പെരുമറ്റത്തുമായി രണ്ട് പേർക്ക് പൊള്ളലേറ്റു. കിളിമാനൂരിൽ ഹരിത കർമ സേനാഗത്തിന് സൂര്യാതപമേറ്റു. പഴയ കുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്ക് ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. കനത്തചൂടിൽ കോട്ടയം വൈക്കത്ത് ഒരു പശു ചത്തു.




