
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ.തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.
ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ എസ്.സി / എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം.കെ റാമിന്റെ പ്രധാന വാദം. എന്നാൽ, ജാതി അധിക്ഷേപം നടത്തിയ ആൾ ഏത് ജാതിയിൽപ്പെടുന്നു എന്നതിനേക്കാൾ ഇരയുടെ ജാതിയാണ് ഇത്തരം കേസുകളിൽ പ്രധാനമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.




