ബംഗാളിൽ പോളിംഗ് വിപ്ലവം; ഒന്നാം ഘട്ടത്തിൽ 92 ശതമാനം കടന്ന് പോളിംഗ്; സർവകാല റെക്കോർഡ് ഭേദിച്ച് വോട്ടർമാരുടെ മഹാപ്രവാഹം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒന്നാം ഘട്ടത്തിൽ 92 ശതമാനത്തിലേറെയാണ് പോളിംഗ്. ഏറ്റവും ഒടുവിൽ ലഭിച്ചത് 92.03% ശതമാനമെന്നാണ്. വടക്കൻ ബംഗാളുൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. എല്ലായിടത്തും രാവിലെ മുതൽ തന്നെ സ്ത്രീകളടക്കം കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഏപ്രിൽ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക.
ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ഉയർന്ന പോളിംഗ് തൃണമൂൽ കോൺഗ്രസിന് അനുകൂലമെന്നാണ് ബംഗാൾ മമത ബാനർജിയുടെ പക്ഷം.
ജനങ്ങളുടെ പൾസ് ഞങ്ങൾ ഇതിനോടകം ബംഗാളിന്റെ ഡ്രൈവിംഗ് സീറ്റിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ്. ടി എം സി വീണ്ടും അധികാരത്തിലേറുമെന്നും ബി ജെ പിയുടെ പതനം തുടങ്ങിയെന്നും മമത അഭിപ്രായപ്പെട്ടു.




