KeralaNational

ഗൾഫ് വിമാനയാത്രാ പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവിന് രമേശ് ചെന്നിത്തല കത്തയച്ചു. വിമാന സർവീസുകൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതും പ്രവാസികളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവീസുകൾ പുനഃസ്ഥാപിക്കണം: ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ മെയ് 31 വരെ തുടരുന്നതിനാൽ നിരവധി സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. എയർ ഇന്ത്യ 690 സർവീസുകൾ റദ്ദാക്കുകയും ഇൻഡിഗോ സർവീസുകൾ 90 ശതമാനം കുറയ്ക്കുകയും ചെയ്തത് യാത്രക്കാരെ വലയ്ക്കുന്നു. ഈ വിഷയത്തിൽ നയതന്ത്ര ഇടപെടൽ നടത്തി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണം. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണം: ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് കുറച്ചതോടെ എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ വിദേശ കമ്പനികൾ സാഹചര്യം മുതലെടുത്ത് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. വിമാന നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണം. എന്നീവയാണ് പ്രധാന ആവശ്യങ്ങൾ.

പ്രത്യേക നിരക്ക് (Special Fare): അടിയന്തര സാഹചര്യങ്ങളിൽ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്കായി പ്രത്യേക നിരക്കിൽ വിമാന യാത്ര സൗകര്യം ഏർപ്പാട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ വ്യോമപാതയിലെ നിയന്ത്രണങ്ങൾ വിമാനക്കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ്. കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾ മടക്കയാത്രയ്ക്കും മറ്റും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button