Blog

മത്സരിച്ചു ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിലെത്തും; വിജയിന്റെ പ്രഖ്യാപനം ചർച്ചയാകുന്നു; മണ്ഡലങ്ങളിൽ വിസിൽ കോലം വരയ്ക്കാൻ ആഹ്വാനം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ ‘വിചിത്ര’ പ്രഖ്യാപനം ചർച്ചയാകുന്നു. മത്സരിച്ച് ജയിച്ചാൽ മണ്ഡലത്തിൽ മാസത്തിലൊരിക്കൽ നേരിട്ടെത്തുമെന്നാണ് വിജയിന്‍റെ പ്രഖ്യാപനം. വലിയ കയ്യടികളോടെയാണ് ടി വി കെ പ്രവർത്തകർ വിജയിന്‍റെ ഈ പ്രഖ്യാപനം ഏറ്റെടുത്തത് എന്നതും വിചിത്രമായി.

ടി വി കെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനത്തിനിടെയായിരുന്നു വിജയിന്‍റെ ‘മാസത്തിൽ ഒരിക്കൽ’ പ്രഖ്യാപനം. തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എം എൽ എ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരമ്പൂർ, തിരുച്ചി കിഴക്ക് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. തന്‍റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ വന്നു കാണാമെന്നും വിജയ് വ്യക്തമാക്കി. പ്രകടനപത്രികയുടെ ആദ്യ പകർപ്പ് കർഷകന് നൽകിയാണ് പ്രകാശനം ചെയ്തത്.

വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23 ന് എല്ലാ വീടുകൾക്ക് മുന്നിലും ടി വി കെ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ കോലം വരയ്ക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. അതേസമയം വിജയിന്‍റെ മാസത്തിൽ ഒരിക്കൽ മണ്ഡലത്തിലെത്തുമെന്ന പ്രഖ്യാപനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കിയിട്ടുണ്ട്. ഒരു എം എൽ എ മാസത്തിലൊരിക്കലാണോ മണ്ഡലത്തിലെത്തേണ്ടതെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button