Blog

വനിത സംവരണം: എംപിമാർക്ക് കത്തെഴുതാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം

ഡൽഹി: വനിത സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എം പിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാജ്യത്തെ സ്ത്രീകൾക്ക് എഴുതിയ കത്തിൽ വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. ഇനിയും ഇത് വൈകിക്കാനാകില്ല, രണ്ടായിരത്തി ഇരുപത്തിയൊമ്പത് മുതൽ ലോക്സഭയിലും നിയമസഭകളിലും ഇത് നടപ്പാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകും എന്നടക്കം മോദി കുറിച്ചിട്ടുണ്ട്. ബില്ല് പാസ്സാക്കാൻ ഇന്ത്യയിലെ ആകെ സ്ത്രീകളുടെ അനുഗ്രഹം തേടുന്നു എന്നും മോദി അറിയിച്ചു. ബില്ല് പാസ്സാക്കാൻ എംപിമാർക്കു മേൽ സ്ത്രീകൾ സമ്മർദ്ദം ചെലുത്തണം എന്ന പരോക്ഷ നിർദ്ദേശവും മോദി നൽകി. പിന്തുണ ചോദിച്ച് സ്ത്രീകൾ അവരുടെ എം പിമാർക്ക് കത്തെഴുതണം എന്നാണ് മോദി കുറിച്ചത്.

എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്ന് വരുത്തി തീർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. വനിത സംവരണത്തെ അല്ല, മണ്ഡല പുനർനിർണ്ണയം ആണ് സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. ഇപ്പോൾ നിർദ്ദേശിച്ച മണ്ഡല പുനർനിർണ്ണയം അംഗീകരിക്കാനാവില്ല എന്നാണ് ഇടതുപക്ഷത്തിന്‍റെയും നിലപാട്. ബില്ലിനെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയും ആർ ജെ ഡിയും ആലോചിക്കുന്നത്. മൂന്നിലൊന്നിനെക്കാൾ കൂടുതൽ സ്ത്രീകൾക്ക് ലോക്സഭയിലെത്താൻ അവസരം നല്കിയ തൃണമൂൽ കോൺഗ്രസാണ് വനിത സംവരണം നടപ്പാക്കിയ ഏക പാർട്ടിയെന്ന് മമത ബാനർജി പ്രതികരിച്ചു. ഇതിനിടെ ഇന്നലെ നരേന്ദ്ര മോദി പങ്കെടുത്ത സമ്മേളനത്തിലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ സ്പീക്കറുമായ മീരാ കുമാറിന്‍റെ സാന്നിധ്യം ചർച്ചയാകുകയാണ്. വനിത സംവരണത്തിനായി എന്നും വാദിച്ച വ്യക്തി എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നാണ് മീരാ കുമാറിന്‍റെ വിശദീകരണം. അതേസമയം നാളെ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ യോഗം പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം തീരുമാനിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനിടയാക്കുന്ന ബില്ലുകൾ സമ്മേളനത്തിന് രണ്ടു ദിവസം ബാക്കി നിൽക്കുമ്പോഴും എം പിമാർക്ക് വിതരണം ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button