Blog

പാകിസ്ഥാന് ആശ്വാസമായി സൗദിയും ഖത്തറും: 5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് ആശ്വാസമേകി സൗദി അറേബ്യയും ഖത്തറും. വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായി അഞ്ച് ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാകിസ്ഥാന് ഈ സഹായം വലിയൊരു ആശ്വാസമാകുമെന്ന് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐഎംഎഫ് – ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണ്ണായകമായ ഈ നീക്കം. ഐഎംഎഫുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സാമ്പത്തിക നയതന്ത്രം ശക്തമാക്കാനാണ് ഇസ്ലാമാബാദിന്‍റെ തീരുമാനം. നിലവിലുള്ള മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാകിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ യുഎഇയ്ക്ക് പകരമായി ഖത്തർ ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകൾ.

സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജദാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സഹായം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. 2018 മുതൽ പാകിസ്ഥാൻ തിരിച്ചടയ്ക്കാനുള്ള യുഎഇ കടം ഈ മാസം അവസാനത്തോടെ തീർക്കാനാണ് പാക് സർക്കാർ ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഇതിനകം തന്നെ പാകിസ്ഥാനിലെ തങ്ങളുടെ അഞ്ച് ബില്യൺ ഡോളർ നിക്ഷേപം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആഗോള സാമ്പത്തിക ചർച്ചകളിൽ ഈ പുതിയ കൂട്ടുകെട്ടുകൾ പാകിസ്ഥാന് എത്രത്തോളം ഗുണം ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button