Blog

വനിതാ ബിൽ: പിന്തുണ തേടി എംപിമാർക്ക് പ്രധാനമന്ത്രിയുടെ കത്ത്; രാഷ്ട്രീയ ലാഭത്തിനുള്ള ധൃതിയെന്ന് കോൺഗ്രസ്; ഏപ്രിൽ 16 മുതൽ പാർലമെന്റിൽ നിർണ്ണായക ചർച്ച

ന്യൂഡല്‍ഹി: വനിതാ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ നയിക്കുമ്പോഴെ ഒരു സമൂഹം മുന്നേറുകയുള്ളു. അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വനിതാ സംവരണത്തോടെ നടത്തേണ്ടത് അനിവാര്യമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് ബില്‍ പാസാക്കണം. ബില്‍ ഇപ്പോള്‍ കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ചരിത്രനിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയെന്നതാണ് ഭൂരിപക്ഷ പാര്‍ട്ടികളും എടുത്ത തീരുമാനമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു.

ഏപ്രില്‍ പതിനാറു മുതല്‍ വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ ചരിത്രപരമായ ചര്‍ച്ച നടക്കാന്‍ പോകുകയാണെന്ന് മോദി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. പതിനാറുമുതല്‍ പതിനെട്ടുവരെ നിര്‍ബന്ധമായും സഭയില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.

വനിത സംവരണ ബില്‍ പാസാക്കുന്നതിന് മുന്‍പായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ രാഷ്ട്രീയ ലാഭത്തിനായി വനിതാ സംവരണ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ധൃതികൂട്ടുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍വകക്ഷി യോഗം നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞ് വിളിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു. 16ന് വനിതാ സംവരണ ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button