Blog

മകൻ കാറിലുണ്ടായിരുന്നില്ല, കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; കൊല്ലം അപകടത്തിൽ മറുപടിയുമായി ബിന്ദു കൃഷ്ണ; സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപണം

കൊല്ലം: കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തിൽ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് തന്‍റെ മകനെതിരെ സിപിഎം വ്യാജപ്രചാരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരുടെ കാർ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ചതിനെത്തുടർന്ന് പരിക്കേറ്റ രണ്ട് കുട്ടികളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിസിറ്റി ആശുപത്രിയിലേക്കും മാറ്റി. ബിന്ദു കൃഷ്ണയുടെ മകന്‍റെ പേരിലുള്ള ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടസമയത്ത് തന്‍റെ മകൻ വാഹനത്തിലുണ്ടായിരുന്നില്ലെന്നും മകന്‍റെ സുഹൃത്താണ് വണ്ടി ഓടിച്ചതെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വാഹനം ഓടിച്ച യുവാവിന്‍റെ പിതാവ് തിരുവനന്തപുരത്തെ പ്രാദേശിക സിപിഎം നേതാവാണെന്നും അവർ ചൂണ്ടിക്കാട്ടി. അപകടത്തെ രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.

“അപകടം ആർക്കും ഏത് സമയത്തും സംഭവിക്കാവുന്നതാണ്. പക്ഷേ, സിപിഎം ഈ ദൗർഭാഗ്യകരമായ സംഭവത്തെ പൂർണ്ണമായും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്. എന്‍റെ മകൻ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല എന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ട്” – ബിന്ദു കൃഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷത്തിൽ നിന്നും നിരന്തരമായ വേട്ടയാടലുകൾ നേരിടേണ്ടി വന്നതായും അവർ പരാതിപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button