കർണാടകയിൽ ഗ്യാരന്റി പദ്ധതികൾക്ക് തടയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; പെരുമാറ്റച്ചട്ട ലംഘനത്തിന് വിശദീകരണം തേടി; ബിജെപി ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ പ്രമുഖ ക്ഷേമപദ്ധതികളുടെ (ഗ്യാരന്റി സ്കീമുകൾ) ഫണ്ട് വിതരണം ചെയ്തതിൽ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ പുതിയതായി സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ രണ്ടിന് അയച്ച കത്ത് ചൊവ്വാഴ്ച കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.
ഗൃഹലക്ഷ്മി, യുവനിധി, ശക്തി, ഗൃഹജ്യോതി, അന്നഭാഗ്യ എന്നീ അഞ്ച് ഗ്യാരന്റി പദ്ധതികൾ പ്രകാരം ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പുതിയതായി തുക അനുവദിച്ചതായാണ് കമ്മീഷന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഫണ്ടുകൾ കൈമാറാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഈ ഫണ്ടുകൾ അനുവദിക്കാൻ ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്നും, തുക ഇതുവരെ കൈമാറിയിട്ടില്ലെങ്കിൽ കമ്മീഷന്റെ അനുമതിയില്ലാതെ അത് നൽകരുതെന്നും കത്തിൽ കർശനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചു. പാവപ്പെട്ടവർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിലെ ഗഡുക്കൾ കൃത്യമായി നൽകിയിട്ടുണ്ടെന്നും ഈ മാസത്തെ തുക തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് വോട്ടർമാർ തക്കതായ മറുപടി നൽകുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.



