News

ട്രംപിന്റേത് ഭ്രാന്തൻ ഭീഷണി; വഴങ്ങില്ലെന്ന് ഇറാൻ; ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ‘ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കും’; പോര് മുറുകുന്നു

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി പരിഹസിച്ച് തള്ളി ഇറാൻ. ട്രംപിന്‍റേത് ഭ്രാന്തൻ പരാമർശങ്ങളാണെന്നും വീണ്ടുവിചാരമില്ലാത്ത ഭീഷണികൾ അമേരിക്കയുടെ അപമാനം ഇല്ലാതാക്കില്ലെന്നും ഇറാൻ സൈനിക നേതൃത്വം പരിഹസിച്ചു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെയാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച വൈകിട്ട് തള്ളിക്കളഞ്ഞു. ട്രംപിന്‍റെ ഭീഷണികൾ തള്ളിയ ഇറാൻ താത്കാലിക വെടിനിർത്തൽ അല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്‍റെ നിലപാട്. യുദ്ധത്തിൽ തകർന്ന ഇറാനെ പുനർനിർമിക്കണം. മേഖലയിലെ യുഎസ് ഇസ്രയേൽ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോക്കോൾ തയാറാക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്.

അതേസമയം ഹോർമുസ് പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ലെന്നും നാളെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഇറാന്റെ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്നും ട്രംപ് ഭീഷണി മുഴക്കി. മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ പാലങ്ങളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ യുഎസ് സൈന്യത്തിന് കഴിയും. അത്തരം ആക്രമണങ്ങൾ രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നയിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button