Blog

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ ഊർജ്ജിതം; നാലാം ദിനവും കണ്ടെത്താനായില്ല; ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്

ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ശരണ്യയെ കാണാതായിട്ട് നാലുദിവസമായ പശ്ചാത്തലത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വനംവകുപ്പും പൊലീസും. ഇതിനായി കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായം അടക്കം തേടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ഇന്ന് തന്നെ ശരണ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇന്ന് ശുഭവാര്‍ത്ത കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളില്‍ എത്തിയാല്‍ കുടകിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയും എന്നതിനാല്‍ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button