
കൊച്ചി: പ്രമുഖ ആത്മീയ പ്രസ്ഥാനമായ സത്സംഗിന്റെ കേരളത്തിലെ പുതിയ കേന്ദ്രം ‘സത്സംഗ് ഠാകൂർബാരി’ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഇടപ്പള്ളി പടിവട്ടത്ത് സജ്ജീകരിച്ച പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ശ്രീശ്രീ ഠാകൂർ അനുഗുൾചന്ദ്രൻ വിഭാവനം ചെയ്ത ആദർശങ്ങളെയും മൂല്യങ്ങളെയും ആസ്പദമാക്കി വിശ്വാസികൾക്ക് ആത്മീയ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുള്ള പ്രധാന കേന്ദ്രമായാണ് ഈ ഠാകൂർബാരി വിഭാവനം ചെയ്തിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സത്സംഗ് പ്രാർത്ഥനകൾ, ആത്മീയ പ്രഭാഷണങ്ങൾ, സംഗീതാഞ്ജലി എന്നിവ നടന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തജനങ്ങളും സത്സംഗ് അനുയായികളും ചടങ്ങിൽ പങ്കെടുത്തു. ആത്മീയതയും സാംസ്കാരിക മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. ശ്രീശ്രീ ഠാകൂർ അനുഗുൾചന്ദ്ര പ്രബോധിപ്പിച്ച മാനവികതയുടെയും സത്യാന്വേഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന ആഗോള കൂട്ടായ്മയാണ് സത്സംഗ് പ്രസ്ഥാനം.
വ്യക്തിജീവിതത്തിൽ ധാർമ്മികതയും ആത്മീയതയും വളർത്തുന്നതിനോടൊപ്പം സമൂഹത്തിന് സേവനമാകുന്ന രീതിയിലുള്ള ജീവിതശൈലി രൂപപ്പെടുത്താനാണ് സത്സംഗ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ പുതിയ ഠാകൂർബാരി കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പതിവ് പ്രാർത്ഥനകളും ആത്മീയ സംവാദങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനുഷ്യരുടെ ഐക്യത്തിനും ആത്മീയ ഉന്നതിക്കുമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം സത്സംഗ് അനുയായികൾക്ക് വലിയൊരു കരുത്താകുമെന്നും സംഘാടകർ കൂട്ടിചേർത്തു.




