ട്രംപ് ഭരണകൂടത്തിൽ വൻ ശുദ്ധീകരണം; സുപ്രധാന ഉദ്യോഗസ്ഥരെ പുറത്താക്കി; യുദ്ധത്തിനിടെ വൈറ്റ് ഹൗസിൽ അഴിച്ചുപണി; ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യം

വാഷിംഗ്ടൺ: ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് യുദ്ധം നടക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം ഭരണകൂടത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്ന തിരക്കിൽ. വാഷിംഗ്ടൺ ഡിസിയിലെ സ്വന്തം ഓഫീസിലെ നിരവധി ഉദ്യോഗസ്ഥരെയാണ് നിലവിൽ ട്രംപ് പുറത്താക്കിയത്. ഇറാനെതിരായ യുദ്ധം പുരോഗമിക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടത്തിലെ മൂന്ന് സുപ്രധാന ഉദ്യോഗസ്ഥരെയാണ് നിലവിൽ പുറത്താക്കിയത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, വരാനിരിക്കുന്ന 2026 നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായും വൈറ്റ് ഹൗസിൽ വലിയൊരു ശുദ്ധീകരണ നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിലേക്കാണ് ഡൊണാൾഡ് ട്രംപ് നീങ്ങുന്നത്. ഇറാനുമായുള്ള യുദ്ധം മന്ദഗതിയിലാകുന്നതിനും സമാധാന ചർച്ചകൾ തടസ്സപ്പെടുന്നതിനും ഉത്തരവാദികൾ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജനറൽ ഡാൻ കെയ്‌നുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കങ്ങൾ പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വിശ്വസ്തരെ വളരെ വേഗത്തിൽ കൈവിടുന്ന നേതാവ്
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി ഭരണകൂടത്തിന്മേൽ പൂർണ്ണമായ അധികാരം ഉറപ്പിക്കാനാണ് ട്രംപ് ഇത്തരമൊരു ആഭ്യന്തര അഴിച്ചുപണി നടത്തുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. വിശ്വസ്തരെ കൈവിടുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത നേതാവാണ് ട്രംപ്. തന്റെ ഒന്നാം ഭരണകാലത്ത് ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൺ, അറ്റോർണി ജനറൽ ജെഫ് സെഷൻസ് തുടങ്ങി പ്രമുഖരെ ട്രംപ് പുറത്താക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ, പഴയതുപോലെ ഉദ്യോഗസ്ഥർ മാറിമാറി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നും തന്റെ വിശ്വസ്തരായ അനുയായികളെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഇതിനായി പ്രത്യേക നയവും ട്രംപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ അടുത്ത സഹായികളെയും ക്യാബിനറ്റ് അംഗങ്ങളെയും പുറത്താക്കാൻ ഡൊണാൾഡ് ട്രംപിന് വിമുഖതയുണ്ടായിരുന്നു. ഇത്തരം നടപടികൾ ഡെമോക്രാറ്റുകൾക്കും മാധ്യമങ്ങൾക്കും മുന്നിൽ കീഴടങ്ങുന്നതിന് തുല്യമായാണ് ഡൊണാൾഡ് ട്രംപ് കണ്ടിരുന്നത്. എന്നാൽ ഈ നിലപാടിനാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്. കുടിയേറ്റ പ്രശ്നങ്ങൾ, എപ്‌സ്റ്റീൻ ഫയലുകൾ പുറത്ത് വന്നതിന് പിന്നാലെയുള്ള കോലാഹലങ്ങൾ, ഇറാനുമായുള്ള യുദ്ധം എന്നിങ്ങനെ ഇതിന് കാരണങ്ങൾ പലതുണ്ടെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം തുടങ്ങിയത് മുതൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. എല്ലാ അമേരിക്കക്കാർക്കിടയിലുമുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത നെഗറ്റീവ് 20–23 പോയിന്റിലേക്ക് താഴ്ന്നതായി ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാബിനെറ്റിലെ അഴിച്ച് പണി ട്രംപ് ആരംഭിച്ചത്.
ക്യാബിനെറ്റിലെ അഴിച്ചുപണി പൌരന്മാർക്കിടയിലെ ജനപ്രീതി ഇടിഞ്ഞതോടെ
വൈറ്റ് ഹൌസിലെ ആഭ്യന്തര ശുദ്ധീകരണത്തിൽ ആദ്യം പുറത്തായത് കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ കാരണം ഐസ് ബാർബി എന്ന് വിളിക്കപ്പെട്ടിരുന്ന ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആണ്. സായുധരായ ഐസിഇ ഏജന്റുമാരെ പ്രധാന നഗരങ്ങളിൽ വിന്യസിച്ചതും നാടുകടത്തൽ നടപടികൾക്ക് നേതൃത്വം നൽകിയതും ഇവരായിരുന്നു. ഐസിഇ ഏജന്റുമാർ അമേരിക്കൻ പൗരന്മാരായ അലക്സ് പ്രെറ്റിയെയും റെനി ഗുഡിനെയും ആഭ്യന്തര തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് വെടിവെച്ചുകൊന്ന സംഭവം, ടെക്സസ് പ്രളയവും ഹെലീൻ ചുഴലിക്കാറ്റും കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, ട്രംപിന്റെ അനുമതിയില്ലാതെ സ്വന്തം വിശ്വസ്തർക്ക് 220 മില്യൺ ഡോളറിന്റെ പരസ്യ കരാർ നൽകിയത് തുടങ്ങിയ വിവാദങ്ങളാണ് ഇവരുടെ പുറത്താക്കലിലേക്ക് നയിച്ചത്. ഒരിക്കൽ മാഗ പോരാളി എന്ന് ആഘോഷിക്കപ്പെട്ട ക്രിസ്റ്റി നോമിനെ 2026 മാർച്ച് 5നാണ് പുറത്താക്കിയത്.




