‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ല’; പേരാമ്പ്ര വിവാദത്തിൽ ആഞ്ഞടിച്ച് സാദിഖലി തങ്ങൾ; ടി.പി. രാമകൃഷ്ണന് നോട്ടീസ്

മലപ്പുറം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും. ഏറെ അപകടകരമായ ഒന്നാണ് ഉണ്ടായത്. അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.
അനൗൺസ്മെൻറ് ശബദം സിപിഎം നേതാവിൻറേതെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. അനൗൺസ്മെൻറ് വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ അടക്കം നൽകി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിൻറേത് അല്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞെങ്കിലും പരാതി നൽകാൻ സിപിഎം തയ്യാറായിട്ടില്ല. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെന്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.




