ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കും’; എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയമെന്ന് രാജ്നാഥ് സിങ്

എറണാകുളം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് ചോദിച്ച രാജ്നാഥ് സിങ് അതിന് കെൽപ്പുള്ളത് ബിജെപിക്ക് മാത്രമാണെന്ന് പറഞ്ഞു. ശബരിമല സ്വർണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. യൂദാസ് യേശുവിനെ ഒറ്റിയത് വെള്ളികാശിനാണ്. അതുപോലെ കേരളം സര്‍ക്കാര്‍ സ്വര്‍ണത്തിന് വേണ്ടി അയ്യപ്പനെ മറയാക്കി. മുനമ്പം ഭൂമി എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ വിഷയമാക്കി. ഒരു ജനകീയ വിഷയമായല്ല കണ്ടത്.
എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എഫ് എന്ന വാക്ക് ഫ്രണ്ട്സ് എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്. അഴിമതിക്കാര്യത്തിൽ അവര്‍ ഒരുപോലെ സുഹൃത്തുക്കളാണെന്നും രാജ്നാഥ് സിങ് പരിഹസിച്ചു. പൊന്മാൻ എന്ന് സിനിമ സാങ്കൽപ്പികമായിരിക്കാം. എന്നാൽ, സ്വര്‍ണം മോഷ്ടിച്ച പൊന്മാമാര് കേരളത്തിലുണ്ടായെന്നത് സത്യമായെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പറവൂരിൽ വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാര്‍ത്ഥി. മുൻ കോണ്‍ഗ്രസ് നേതാവും പറവൂര്‍ നഗരസഭാ മുൻ അധ്യക്ഷയുമായിരുന്ന വത്സല അടുത്തിടെയാണ് ബിജെപിയിൽ ചേര്‍ന്നത്. വിഡി സതീശൻ ആറാം തവണയാണ് പറവൂരിൽ നിന്ന് ജനവിധി തേടുന്നത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി.



