Blog

പിണക്കം മറന്ന് പേരാവൂരിൽ സണ്ണി ജോസഫിനായി സുധാകരൻ ഇറങ്ങി

കണ്ണൂർ: മഞ്ഞുരുക്കത്തിനൊടുവിൽ പേരാവൂരിൽ സണ്ണി ജോസഫിന്‍റെ പ്രചാരണത്തിന് എത്തി കെ സുധാകരൻ. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പേരാവൂരിൽ ഉൾപ്പെടെ കെ സുധാകരൻ അനുകൂലികൾ പോസ്റ്റർ പതിച്ചിരുന്നു. ദില്ലി ചർച്ചകൾക്ക് പിന്നാലെ സണ്ണി ജോസഫ് വീട്ടിലെത്തി ക്ഷണിച്ചാണ് കെ സുധാകരനെ മണ്ഡലത്തിലെത്തിച്ചത്.

ഇടഞ്ഞുനിന്ന സുധാകരനെ അനുനയിപ്പിക്കാൻ സണ്ണി ജോസഫ് നടാലിലെ വീട്ടിൽ നേരിട്ട് എത്തിയിരുന്നു. കെ സുധാകരനോടുള്ള കടപ്പാട് മടിക്കാതെ പറഞ്ഞു. ‘കെ സുധാകരൻ എന്‍റെ ലീഡറാണ്’ എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. സുധാകരൻ ഡിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് മന്ത്രിയായപ്പോൾ തന്നെ ഡിസിസി പ്രസിഡന്‍റാക്കി.അദ്ദേഹം കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ കെപിസിസി പ്രസിഡന്‍റാക്കാൻ അദ്ദേഹത്തിന്‍റെ കഠിന പിന്തുണ ഉണ്ടായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സണ്ണി ജോസഫുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന് ‘ആര് നമ്മള് തമ്മിലോ, പ്രേമമാണ്’ എന്നായിരുന്നു കെ സുധാകരന്‍റെ മറുപടി. അങ്ങനെ സണ്ണിയോടുള്ള സ്നേഹം അറിയിക്കാൻ കെ സുധാകരൻ പേരാവൂരിൽ എത്തി. സണ്ണി ജേസഫിന് വോട്ട് അഭ്യർത്ഥിച്ചു. ഇടതിനെ കടന്നാക്രമിച്ചു- “എല്ലാ ദുഖങ്ങളിലും കഷ്ടപ്പാടുകളിലും സഹായിയായി നിങ്ങളോടൊപ്പം നിൽക്കുന്ന നേതാവാണ് സണ്ണി ജോസഫ്. അദ്ദേഹത്തെ കയ്യൊഴിയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് അറിയാം. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമേയല്ല”. ദില്ലി ചർച്ചകൾക്കിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കെ സുധാകരൻ അനുകൂല ഫ്ലക്സുകൾ ഉയർന്നത് പേരാവൂരിലാണ്. അതേ പേരാവൂരിൽ കെ സുധാകരനെ ഇറക്കി പിന്തുണയുറപ്പിക്കുകയാണ് സണ്ണി ജോസഫ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button