രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി
രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഡല്‍ഹി എയിംസില്‍ മരണത്തിന് കീഴടങ്ങി. 13 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതി ഒരാള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
ഘട്ടം ഘട്ടമായി മറ്റു മരുന്നുകളും സഹായങ്ങളും നീക്കം ചെയ്ത്തോടെയാണ് ഹരീഷ് റാണ മരണത്തിന് കീഴടങ്ങിയത്. ഓക്സിജന്‍, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കി സ്വാഭാവികമായ അന്ത്യം ഉറപ്പാക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. 2013-ല്‍ പഞ്ചാബ് സര്‍വ്വകലാശാലയില്‍ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഹരീഷ് റാണ ശയ്യാവലംബിയായത്. അന്നുമുതല്‍ യന്ത്രസഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
2018-ല്‍ സുപ്രീംകോടതി ദയാവധത്തിന് നിയമസാധുത നല്കിയ ശേഷം കോടതി ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെവി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച് അനുമതി നല്‍കിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട് എന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായി തകര്‍ന്നുവെന്നും മകന്റെ ദുരിതം കാണാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. യന്ത്രസഹായത്തോടെ മാത്രം ജീവന് നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു.



