News

‘പേരും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുത്’; വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ദില്ലി ഹൈക്കോടതിയില്‍. ഹർജി നാളെ (ചൊവ്വാഴ്ച) ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹര്‍ജി കേള്‍ക്കുക. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും സമീപ വര്‍ഷങ്ങളില്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അമിതാഭ് ബച്ചനുമൊക്കെ ആ കൂട്ടത്തില്‍ പെടും. തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവരടക്കമുള്ള താരങ്ങള്‍ നല്‍കിയിരുന്നത്.

പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.

അതേസമയം മോഹന്‍ലാല്‍ ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സിനിമ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൊലീസ് യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തുക. എസ്ഐ ലവ്‍ലജന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മീര ജാസ്മിന്‍ ആണ് നായിക. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന, അദ്ദേഹത്തിന്റെ കരിയറിലെ 100-ാം ചിത്രത്തിലും മോഹന്‍ലാല്‍ ആണ് നായകന്‍. ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ദൃശ്യം 3 ആണ് അടുത്തതായി എത്തുന്ന മോഹന്‍ലാല്‍ റിലീസ്. മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റും വരാനുണ്ട്. രജനികാന്ത് നായകനാവുന്ന ജയിലര്‍ 2 ല്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button