കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല; ടി.ഒ. മോഹനൻ സ്ഥാനാർത്ഥി; കടുപ്പിച്ച് ‘കെ.എസ്’ പക്ഷം, കോൺഗ്രസിൽ അനിശ്ചിതത്വം

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആകെ പ്രതിസന്ധിയിലാക്കിയ ദിവസങ്ങള്‍ക്ക്, ദില്ലിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആ വാര്‍ത്ത എത്തിയിരിക്കുന്നു. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന് സീറ്റില്ല. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന് പകരം, കണ്ണൂര്‍ മുന്‍ മേയര്‍ കൂടിയായ അഡ്വ. ടി ഒ മോഹനന്‍ മത്സരിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് സുധാകരന്‍ ഇപ്പോഴും പാര്‍ട്ടിയുമായി ഏറ്റുമുട്ടുമ്പോള്‍ എന്തായിരിക്കും അണികളുടെ കെഎസിന്‍റെ അടുത്ത നീക്കം.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ സുധാകരന്‍
കണ്ണൂര്‍ കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനായ നേതാവ്, അതാണ് കെ സുധാകരന്‍. അണികള്‍ക്കിടയില്‍ വിളിപ്പേര് കെഎസ്. വിട്ടുവീഴ്‌ചകളുടെ ചരിത്രമില്ലാത്ത കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് പക്ഷം ഇപ്പോഴും കണ്ണൂരില്‍ സുശക്തം. പതിറ്റാണ്ടുകള്‍ കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ മുന്നില്‍ നിന്ന് നയിച്ച കെ സുധാകരന്‍ നിലവില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. കണ്ണൂരിലെ സുധാകരന്‍ ഇംപാക്‌ട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ കേരളം കണ്ടിരുന്നു. 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ 1,08,982 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാംവട്ടവും ലോക്‌സഭയിലെത്തിയത്. എന്നാല്‍, പാര്‍ലമെന്‍റ് അംഗമായിരിക്കേ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ രണ്ടും കല്‍പിച്ച് ഇക്കുറി ഇറങ്ങുകയായിരുന്നു കെ സുധാകരന്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും മുമ്പേ സുധാകരന്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്‌ടിക്കുകയും പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കുകയും ചെയ്‌തു.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ സ്ഥാനാര്‍ഥി ചര്‍ച്ചയായി മാറി കണ്ണൂരിലേത്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും ഹൈക്കമാന്‍ഡിന്‍റെയും നിലപാട്. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന വാദം ശക്തമായി ഉയര്‍ന്നു. എന്നിട്ടും, പ്രായത്തെ വകവെക്കാതെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു കെ സുധാകരന്‍. സുധാകരന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ട് അദേഹത്തിന്‍റെ വസതിയിലേക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അണികള്‍ ഇരച്ചെത്തുന്ന സംഭവം വരെ കേരളം കണ്ടു. കെ സുധാകരന് പിന്തുണയുമായി കണ്ണൂരിലും തിരുവനന്തപുരത്തും ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കെ സുധാകരന് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ വരെ വലിയ പ്രത്യാഘാതമുണ്ടാകും എന്ന മുന്നറിയിപ്പുമായി കടുപ്പിക്കുകയും ചെയ്‌തു കെഎസ് പക്ഷം.




