Blog

വെള്ളാപ്പള്ളിക്ക് തിരിച്ചടി: കോടതി വിധി ആശ്വാസമെന്ന് ശിവഗിരി മഠം; രാഷ്ട്രീയ മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്ന് പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.കരുണാകരൻ, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോൾ തോൽക്കുന്ന മണ്ഡലങ്ങൾ മാത്രം നൽകുകയാണ്.എൽഡിഎഫ് മന്ത്രിസഭയിൽ ഒരു സമുദായത്തിൽപ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദൻ പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്‍പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. വിധിക്കെതിരെ ഉടൻ അപ്പീൽ പോകുമെന്നാണ് നിലവിലെ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കിയത്.കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗം 2014ന് ശേഷം വാർഷിക കണക്കുകൾ നൽകിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.

ഡയറക്ടർമാർ വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും തുടർച്ചയായി മൂന്ന് വർഷം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കമ്പനി ഡയറക്ടർമാർ അയോഗ്യരാക്കാമെന്നും കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, 2017ൽ വാർഷിക റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം ചൂണ്ടികാട്ടി സർക്കാറിന് നൽകിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും പിഴയൊടുക്കിയെന്നുമായിരുന്നു എസ്എൻഡിപി യോഗം ഭാരവാഹികളുടെ വാദം. എന്നാൽ പിഴ ഈടാക്കി മാപ്പ് അനുവദിച്ചത് കമ്പനിക്ക് മാത്രമാണെന്നും വ്യക്തികൾക്ക് ബാധകമല്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് എംഎൻ സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അടക്കമുള്ള ഭാരവാഹികളെയും 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button