Blog

എൽപിജി ക്ഷാമം: പരിഭ്രാന്തി പരത്തി ചിലർ സ്വന്തം അജണ്ട നടപ്പാക്കുന്നു; കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടിയെന്ന് പ്രധാനമന്ത്രി

ഗൾഫിലെ പ്രതിസന്ധി മൂലമുണ്ടായ ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) വിതരണ പ്രതിസന്ധിയെ ഇന്ത്യ സജീവമായി നേരിടുകയാണെന്നും ചിലർ പരിഭ്രാന്തി സൃഷ്ടിച്ച് സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദില്ലിയിൽ നെക്സ്റ്റ് (NXT) ഉച്ചകോടി 2026-നെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗൾഫ് മേഖലയിലെ പ്രതിസന്ധി എല്ലായിടത്തും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ മോദി രൂക്ഷമായി വിമർശിച്ചു. ഇപ്പോൾ അവരെക്കുറിച്ച് രാഷ്ട്രീയമായി അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നതിലൂടെ അവർ പൊതുജനങ്ങൾക്ക് മുന്നിൽ സ്വയം തുറന്നുകാട്ടുകയും മുഴുവൻ രാജ്യത്തിനും കാര്യമായ ദോഷം വരുത്തുകയും ചെയ്യുന്നുവെന്ന് പറയാതിരിക്കാനാകില്ല. ഞങ്ങൾ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കളുമായി ചർച്ച ചെയ്തു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മറികടക്കാൻ തുടർച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു. സാഹചര്യം മുതലെടുത്ത് ചില എൽപിജി ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് വിവിധ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യത്തെ നിരവധി ആഗോള നേതാക്കൾ പ്രശംസിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button