പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി

ഡൽഹി : പേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ ഇറാൻ തകർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചയാളുടെ പേരും ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം തടയുന്നതിൻ്റെ ഭാഗമായാണ് ഇറാൻ ആക്രമണം നടത്തിയത്.
ഹോർമുസ് കടലിടുക്ക് പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാൻ അറിയിച്ചിരുന്നു. തുടർന്ന് കടലിടുക്ക് വഴി മുന്നോട്ട് പോയ നിരവധി കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. തായ്‌ലൻഡ്, ജപ്പാൻ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണയടക്കം വിവിധ ഉൽപ്പന്നങ്ങളുമായി ലോകത്തിൻ്റെ പല ഭാഗത്തേക്കുമായി പോയ കപ്പലുകൾ ഇതിനോടകം ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ നാവികസേന കടലിൽ ശക്തമായ സുരക്ഷാ വിന്യാസം നടത്തിയെങ്കിലും ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനിയില്ല. ചരക്ക് കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടരുകയാണെങ്കിൽ കടുത്ത തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടയിലാണ് അമേരിക്കൻ കപ്പലടക്കം ഇറാൻ തകർത്തത്. മേഖലയിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതിയെയും എൽപിജി ഇറക്കുമതിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൻ്റെ മറ്റൊരു കോണിൽ നടക്കുന്ന യുദ്ധം കേരളത്തിലടക്കം എൽപിജി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ യുദ്ധം തുടരുന്നത് ലോകമാകെയുള്ള ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.



