“മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത എന്ത് നീതിയാണ് കേരളത്തിലെ മറ്റ് സ്ത്രീകൾക്ക് ലഭിക്കുക?”; ഗണേഷ് വിഷയത്തിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ

കോഴിക്കോട് : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗണേഷിന്റെ ഭാര്യ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അവരെ കാണാതെ, എന്താണെന്ന് അന്വേഷിക്കാതെ തിരിച്ചു പോകുകയായിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീയ്ക്കാണ് കിട്ടാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു. മുറിയില്‍ അടച്ചുപൂട്ടിയിട്ട് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അവര്‍ ഉറക്കെ വിളിച്ചു. പൊലീസിനെ വിളിച്ചു. പൊലീസ് വന്നിട്ട് എന്താണ് സംഭവിച്ചതെന്നോ, പരിക്കു പറ്റിയിട്ടുണ്ടോ എന്നൊന്നും അന്വേഷിച്ചില്ല. ഇതെന്തു പൊലീസാണ്?. ഏതു സ്ത്രീയ്ക്കാണ് ഈ പൊലീസിനെക്കൊണ്ട് കേരളത്തില്‍ സുരക്ഷ കിട്ടുന്നത്?. മന്ത്രിയുടെ ഭാര്യയാണെന്ന് ഓര്‍ത്ത് പൊലീസ് പേടിച്ച് ഓടിയതാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. എല്ലാക്കാര്യത്തിലെയും പോലെ മൗനം തുടരാന്‍ ഈ കാര്യത്തില്‍ പറ്റില്ല. കാരണം സ്ത്രീ സുരക്ഷയുടെ ഏറ്റവും ടോപ്പിലുള്ള ആളാണെന്നും പറഞ്ഞ് കപ്പും പിടിച്ച് ഇരിക്കുന്ന ആളാണ്. അതെല്ലാം പി ആര്‍ ആയിരുന്നു, പ്രചാരണം ആയിരുന്നു എന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞാല്‍ അത് യുഡിഎഫ് പറഞ്ഞതാകുന്നതെങ്ങനെ?. ഞങ്ങള്‍ പോയി മന്ത്രിയുടെ ഭാര്യയുമായി ഗൂഢാലോചന നടത്തി പരാതി പറഞ്ഞതാണെന്നാണോ പറയുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.



