രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ നാടകം; കോൺഗ്രസ് വാഗ്ദാനങ്ങൾ വെറും തട്ടിപ്പ്”; ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു നടത്തിയത് രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം വ്യാജ വാഗ്ദാനങ്ങളുടേത് മാത്രമാണ്. ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലുങ്കാനയിലുമെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഇത്തരം വാഗ്ദാനങ്ങള്‍ നൽകിയതാണ്. എന്നാല്‍, അതൊക്കെ പാഴായ വാഗ്ദാനങ്ങളാണെന്ന് പിന്നീട് കാലം തെളിയിച്ചിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് തെലുങ്കാനയില്‍ ജനം അധികാരത്തിലേറ്റിയ കോണ്‍ഗ്രസ് സര്‍ക്കാരിന് അവിടെ ഒന്നും ചെയ്യാനായില്ല.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കടം എടുക്കേണ്ട അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത തുക ഇതുവരെ നല്‍കിയില്ല. പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഹിമാല്‍ പ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ട് മാസങ്ങളായി. കര്‍ണാടകയില്‍ വികസനപ്രവര്‍ത്തനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി പരസ്യമായി പറയുന്നു. ഇങ്ങനെ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിച്ചാണ് കോണ്‍ഗ്രസ് പലയിടങ്ങളിലും ഭരണത്തില്‍ വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നുകഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെ ഭരണം അഴിമതിയില്‍ മുങ്ങിയാണ് മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് വന്ന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയിട്ടും പല പദ്ധതികളും നടപ്പിലാക്കാനാകുന്നില്ല. ഇതുതന്നെയാണ് കേരളത്തിലും വരാനിരിക്കുന്ന അവസ്ഥയെന്നും അദേഹം പറഞ്ഞു.



