വട്ടിയൂര്‍ക്കാവില്‍ പോരാട്ടം കനക്കും ; മണ്ഡലചിത്രം തെളിയുന്നു, മുരളിയും ശ്രീലേഖയും പ്രശാന്തും ഏറ്റുമുട്ടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ ചുവരെഴുതി ഇന്ന് പ്രചാരണം തുടങ്ങും. കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു.
ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്. അതേസമയം, സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ൽ വട്ടിയൂര്‍ക്കാവിൽ എൽഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എൻഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫിന് 21515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.



