NationalNews

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം: ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.

മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചത്.

‘പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കുന്ന 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്‍കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല, കാരണം ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കുന്നുള്ളൂ. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണ്, ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണമായി പ്രതീക്ഷിക്കുന്നു. ഇറാന്‍ ആഗോള ഊര്‍ജമേഖലത്തെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മര്‍ദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,’ ബെസ്സെന്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button