‘ഓപ്പറേഷൻ റോറിംഗ് ലയൺ’ ; നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഒരേസമയം ഇറാനിലും ലെബനനിലും, ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും

ടെൽ അവീവ്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ (ഓപ്പറേഷൻ എപിക് ഫ്യൂറി) ആക്രമണം ഇറാനിലും ലെബനനിലും ശക്തമായി തുടരുകയാണ്. ആക്രമണം ഒരു കാരണവശാലും നിർത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും സംഘർഷം രൂക്ഷമാകാനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഒരേസമയം ഇറാനിലെയും ലെബനനിലെയും ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഓപ്പറേഷൻ തുടങ്ങിയതിന് ശേഷം ഏകദേശം 300 ഇറാനിയൻ മിസൈൽ ലോഞ്ചറുകൾ തകർത്തതായും ഐഡിഎഫ് പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി, ഇറാനിയൻ ഭരണകൂടത്തിന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഇസ്രായേലി വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രായേൽ തുടരുന്നുണ്ട്. തെക്കൻ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. ടൈർ, സിദോൻ മേഖലകളിലെ ഹിസ്ബുള്ളയുടെയും ഹമാസിന്റെയും ആയുധ സംഭരണ ശാലകൾ, മിസൈൽ ലോഞ്ചറുകൾ, കമാൻഡ് സെന്ററുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു. ഐഡിഎഫ് സൈനികർക്കും ഇസ്രായേലി പൗരന്മാർക്കും നേരെ ആക്രമണം നടത്താനും ആസൂത്രണം ചെയ്യാനും തീവ്രവാദ സംഘടനകൾ ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.



