നാഗ്പൂരിലെ സ്‌ഫോടകവസ്തു യൂണിറ്റില്‍ മഹാസ്‌ഫോടനം: 17 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപം സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലെ ഡിറ്റണേറ്റര്‍ പാക്കിംഗ് യൂണിറ്റിലാണ് അപകടം ഉണ്ടായത്.
രാവിലെ 7 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഡിറ്റണേറ്ററുകളും മറ്റ് സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്. സ്‌ഫോടനത്തിന്റെ ആഘാതം അതീവ ശക്തമായിരുന്നുവെന്നും സമീപപ്രദേശങ്ങളിലേക്കും പ്രകമ്പനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി അഗ്‌നിശമനസേനയെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. പ്രദേശം സുരക്ഷാ വളയത്തിലാക്കിയിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ഥാപനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്നും സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നുമെല്ലാം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കിയ ശേഷം കമ്പനി വിശദമായ പ്രസ്താവന പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.




