ആയത്തുല്ല ഖമനേയിയുടെ മൃതദേഹം എന്തു ചെയ്തു; വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്

ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇസ്രായേലി വ്യോമാക്രമണത്തെ തുടര്‍ന്ന് ടെഹ്റാന് നഗരത്തിലെ അദ്ദേഹത്തിന്റെ സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഖമേനിയുടെ മൃതദേഹം കണ്ടെത്തിയതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച വൈകുന്നേരം കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള വിവരം മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ അറിയിച്ചതായി The Jerusalem Post റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചതിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരണവാര്‍ത്ത പൊതുവേദിയില്‍ സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്രായേലിലെ രണ്ട് പ്രധാന ടിവി നെറ്റ്വര്‍ക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലഭ്യമായതായി പറയുന്നു. ആക്രമണത്തിന്റെ കൃത്യമായ തെളിവായി ഈ ചിത്രങ്ങള്‍ ട്രംപിനും നെതന്യാഹുവിനും നേരിട്ട് കൈമാറിയതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.




