News

ഇസ്രയേലുമായുള്ള സംഘർഷ: ലോകത്തെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ഇറാന്റെ ഐആർജിസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം. ഒമാൻ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാ​ഗമാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിൽ ഒന്നാണ് മേഖല.

ആഗോള ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ 20-30 ശതമാനത്തിലധികവും ഹോർമുസിലൂടെയാണ് നടക്കുന്നത്. അറേബ്യൻ ഗൾഫിൽ പ്രവർത്തിക്കുന്ന കപ്പലുകളിൽ നിന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായി അവകാശപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു.

ലോകത്തെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം തടസ്സപ്പെടും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ത്യ മറ്റ് വഴികൾ തേടിയേക്കും.

മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടും ഇറാൻ സർക്കാരിന്റെ പതനത്തിന് ആഹ്വാനം ചെയ്തും ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ഇറാനിലുടനീളം ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. ഇസ്രയേലിനും യുഎസ് താവളങ്ങൾ സ്ഥിതി ചെയ്യുന്ന നിരവധി ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണങ്ങൾ നടത്തി ടെഹ്‌റാൻ തിരിച്ചടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button