Kerala

വേദനയ്ക്ക് കുറവില്ല; വീണ ജോര്‍ഡ് ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജില്‍ തുടരും

കണ്ണൂരില്‍ കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് കൂടി ചികിത്സയില്‍ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയില്‍ മാറ്റമില്ലെന്നും രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സാധാരണ നിലയിലാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തേക്ക് ചികിത്സ മാറ്റണമെന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ആരോഗ്യനില നിരീക്ഷിക്കേണ്ടതുണ്ടെന്നതിനാല്‍ ഇന്ന് കൂടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹവും മന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.

കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ മന്ത്രിയെ ഇന്നലെ രാത്രിയാണ് പരിയാരത്തേക്ക് മാറ്റിയത്. എംആര്‍ഐ സ്‌കാനില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്താനായിട്ടില്ലെങ്കിലും പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കഴുത്തിലെ വേദന കൈയിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഇടത് കൈയിലെ ക്ഷതം ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതല്‍ ഉയര്‍ന്നിരുന്ന രക്തസമ്മര്‍ദ്ദം ഉച്ചയോടെ സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി ഇപ്പോഴും നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button