ഭീകരസംഘടനകളുമായി ബന്ധമെന്ന് സംശയം; 8 പേര്‍ അറസ്റ്റില്‍

ഭീകരസംഘടനകളുമായി ബന്ധമെന്ന് സംശയിക്കുന്ന 8 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് തമിഴ്‌നാട്ടില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമായി അറസ്റ്റ് ചെയ്ത്. ആറ് പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നുമാണ് ദില്ലി പൊലീസ് വാദം.
ദില്ലിയില്‍ ഭീകരാക്രമണം നടത്തുമെന്ന പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദേശ ഹാന്‍ഡിലേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സ്‌ഫോടനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടികൂടിയതെന്നും ദില്ലി പൊലീസ് പറയുന്നു. പ്രതികള്‍ തിരിച്ചറിയലിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്‌ഫോടനം നടത്താന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് വിവരം പുറത്ത് വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഫെബ്രുവരി 6 ന് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പ്രതികാരം ചെയ്യാനാണ് ഈ സംഘടന ശ്രമിക്കുന്നതെന്നാണ് വൃത്തങ്ങള്‍ പറഞ്ഞു. എന്നിരുന്നാലും, പള്ളി ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.



