KeralaNews

നെടുമങ്ങാട് നവജാത ശിശുവിന്റെ മരണം ; ഡോക്ടർക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി. ഡോക്ടർ തീരുമാനമെടുക്കാൻ വൈകിയെന്നും കണ്ടെത്തൽ. മൂന്നംഗ സമിതി ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.

കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നുവെന്നും. ഇത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് ശ്വാസതടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി എന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

അന്വേഷണസംഘം ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ഡോക്ടർ,കുഞ്ഞിന്റെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആയിരിക്കും തുടർനടപടികൾ. അതേസമയം സംഭവത്തിൽ കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഒരു മാസത്തിനകം അന്വേഷിച്ച റിപ്പോർട്ട് നൽകാനാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button