ശബരിമല യുവതി പ്രവേശനം; 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ട് ; മുഖ്യമന്ത്രി നിയമസഭയിൽ

ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ എപി അനിൽകുമാറിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ആകെ 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ തുടർ നടപടികൾ ഒഴിവാക്കിയതും പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ 692 കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2021 ഫെബ്രുവരിയിൽ ശശബരിമലയും പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമര കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഉത്തരവ് പുറത്തിറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും 1587 കേസുകൾ സർക്കാർ പിൻവലിക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ച് എപി. അനിൽകുമാർ പതിനാലാം നിയമസഭയുടെ സമ്മേളനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 16നാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ മറുപടിനൽകാതെ ഒളിച്ച് കളിക്കുകയായിരുന്നു. തുടർന്ന് ഡിസംബർ 6 ന് എ പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നൽകിയത്. നിയമസഭയുടെ വെബ്സൈറ്റിൽ മറുപടി അപ്ലോഡ് ചെയ്തിട്ടുണ്ട്.




