പി ജി ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി

പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് വിദ്യാര്‍ഥി പ്രതിനിധികളുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് വൈകുന്നേരം ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു യോഗം ചേര്‍ന്ന് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാര്‍ നീക്കം.
ഇന്ന് നടത്താനിരുന്ന ഒപി ബഹിഷ്കരണം ഇന്നലെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പി ജി ഡോക്ടര്‍മാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി തീരുമാനിച്ച ധര്‍ണ ആരംഭിച്ചിട്ടുണ്ട്.
അര്‍ഹമായ സ്റ്റൈപെന്‍ഡ് വര്‍ധനവ് നടപ്പാക്കുക, അന്യായമായ ജോലി ഭാരം അവസാനിപ്പിക്കുക, പി എസ് സി വിജ്ഞാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നാളെ മുതല്‍ ഒപി ബഹിഷ്കരണം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അവര്‍ അറിയിച്ചു. ഇതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറാകാനുള്ള സാധ്യതയുണ്ട്.




