കോടികളുടെ കടം മാത്രം ബാക്കി വെച്ച് എല്‍ഡിഎഫ് പുറത്തുപോകും: വി ഡി സതീശന്

മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഒഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് ഞങ്ങള്‍ പണംകൊണ്ട് നിറയ്ക്കും; പാവങ്ങളുടെ കണ്ണീരൊപ്പും. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ് – കേരളത്തെ വീണ്ടും ആരോഗ്യവതിയാക്കണം, എന്നും സതീശന് പറഞ്ഞു.
സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും സഞ്ചരിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം, കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് തീ കൊളുത്തുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ സജി ചെറിയാന് മന്ത്രിസഭയില്‍ തുടരുന്നു. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ചു പുറത്താക്കിയേനെ. ആരെങ്കിലും വര്‍ഗീയത പറഞ്ഞാല്‍ യുഡിഎഫ് ശക്തമായി എതിര്‍ക്കും, എന്നും വ്യക്തമാക്കി.
സിപിഐഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ലോട്ടറി അടിക്കുന്ന പോലെ ആണെന്ന് ആരോപിച്ച സതീശന്, തെറ്റ് ചൂണ്ടിക്കാണിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെന്നും പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്നും തെളിവുകള്‍ ഇല്ലാതാകുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



