Kerala

വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം; വി ഡി സതീശന്‍

വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും തറക്കല്ലിടല്‍ ചടങ്ങ്. പദ്ധതിക്കായി കണ്ടെത്തിയ സമീപഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഏകദേശം 600 പേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് ഇത്രയും കോടി രൂപ എങ്ങനെ ചെലവായി എന്നതില്‍ വ്യക്തതയില്ല. അയ്യപ്പന്റെ പേരില്‍ നടന്ന തട്ടിപ്പാണ് ഇതിന് പിന്നിലെന്നും, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും അദ്ദേഹം വിമര്‍ശിച്ചു.
ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ചര്‍ച്ചയായ ദൃശ്യങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും, അതില്‍ പ്രതികരിക്കാനില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമം നടത്തിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഗമത്തിനായി സര്‍ക്കാര്‍ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അയ്യപ്പ സംഗമത്തിനാവശ്യമായ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. പരിപാടിക്ക് ഏകദേശം 8 കോടി രൂപ ചെലവ് വരുമെന്ന കാര്യം ദേവസ്വം വകുപ്പ് മന്ത്രി തന്നെ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button