സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിർണ്ണായക എൻസിപി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.
നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. എന്നാൽ രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കുടുംബപോര് നടന്ന ബാരാമതിയിൽ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വൻമാർജിനിൽ പരാജയപ്പെട്ട ശേഷമാണ് രാജ്യസഭാ സീറ്റ് കിട്ടിയത്.
അതേസമയം ഇരു എൻസിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത്തിന്റെ വിയോഗം. ലയനമുണ്ടായാൽ ഏത് മുന്നണിയിലാവും പാർട്ടിയെന്നതാണ് പ്രധാന തർക്കം. പ്രതിപക്ഷത്തേക്ക് പോയാൽ പല പ്രധാന നേതാക്കളും പാർട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത്ത് പവാർ വിട വാങ്ങിയെങ്കിലും ലയന ചർച്ച വഴിമുട്ടരുതെന്നാണ് പവാർ പക്ഷ നേതാക്കളുടെ നിലപാട്.



