Kerala

12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡിഎ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അഞ്ച് വര്‍ഷ തത്വം പാലിക്കണമെന്നതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ എക്കാലത്തെയും നയം. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്‌കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആര്‍ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക.

നിലവിലെ എന്‍പിഎസില്‍ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എന്‍പിഎസില്‍ തുടരേണ്ടവര്‍ക്ക് അത് തുടരാം. ജീവനക്കാരുടേയും സര്‍ക്കാരിന്റേയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button