സ്കൂള്‍ കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും.
കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും ഇതില്‍ ഉണ്ടാകും. വിരമിച്ചവര്‍ക്ക് മെഡിക്കല്‍ മെഡിസെപ് മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും.
അതേസമയം, റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവര്‍ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.




