കേരള ബജറ്റ്; ആശമാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും വേതനവര്‍ധന

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിനിടെ ആശമാര്‍ക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. ആശമാരുടെ വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിച്ചതായി മന്ത്രി അറിയിച്ചു.
ഇതുവരെ ബജറ്റുകളില്‍ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയെന്നും കേരളത്തിന്റെ വികസനവും ക്ഷേമ പദ്ധതികളും ഓരോന്നായി ചര്‍ച്ച ചെയ്യാന്‍ ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ന്യൂ നോര്‍മല്‍ കേരളം രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 48,383.83 കോടി രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തതായി ധനമന്ത്രി അറിയിച്ചു. 62 ലക്ഷം ആളുകള്‍ക്ക് മുടക്കമില്ലാതെ ഓരോ മാസവും 2000 രൂപ വീതം നല്‍കിവരുന്നു. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 607 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതായും ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക ഉള്‍പ്പെടെ 35,089 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
കായിക മേഖലയില്‍ അടിസ്ഥാന വികസനത്തിനായി 5000 കോടി രൂപ ചെലവഴിച്ചതായും രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിലൂടെ 2374 കോടി രൂപയുടെ 14 ലക്ഷം ക്ലെയിമുകള്‍ തീര്‍പ്പാക്കിയതായും, ലോകത്തിനൊപ്പം കേരളം മുന്നേറാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.




