മലയാളഭാഷാബിൽ നിയമമാക്കണം ; മലയാള ഐക്യവേദി സംരക്ഷണ സംഗമം

തൃശൂർ മലയാള ഐക്യവേദി സംഘടിപ്പിച്ച മലയാള ഭാഷാബിൽ സംരക്ഷണ സംഗമം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റുമായ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പരിസരത്തു വച്ചു നടന്ന മലയാള ഭാഷാബിൽ സംരക്ഷണ സംഗമത്തിൽ
കേരളനിയമസഭ ഐക്യകണ്ഠ്യേന പാസ്സാക്കിയ ‘മലയാളഭാഷാബില്‍ 2025’ ഗവര്‍ണര്‍ ഒപ്പിട്ട് ബിൽ പാസാക്കണമെന്ന് അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു. എക്കാലത്തും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിച്ച നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പിന്‍വലിക്കണമെന്ന് കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2015ല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നഡഭാഷയുടെ വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി ഒരു നിയമമുണ്ടാക്കിയിരിക്കെയാണ് കേരളം മലയാളഭാഷാബില്‍ പാസ്സാക്കിയതിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് എതിര്‍ക്കുന്നതെന്ന് മലയാള ഐക്യവേദി സംസ്ഥാന കമ്മറ്റി ചൂണ്ടികാണിച്ചു.
മുഴുവന്‍ കേരളീയര്‍ക്കും പ്രയോജനപ്പെടുന്ന മലയാളഭാഷാബില്‍ നിയമമാക്കണമെന്നാവശ്യപ്പെട്ട് മലയാള ഐക്യവേദി 2026 ജനുവരി 26 മുതല്‍ ഫെബ്രുവരി 21 വരെ ജില്ലാകേന്ദ്രങ്ങളില്‍ മലയാളഭാഷാബില്‍ സംരക്ഷണ സംഗമം നടത്തുകയാണ്. അതോടൊപ്പം ഒരു ലക്ഷം പേര് ഒപ്പിട്ട ഒരു ഭീമഹർജിയും ഗവർണ്ണർക്ക് കൊടുക്കാൻ തയ്യാറെടുക്കുന്നു.
സംസ്ഥാന ട്രഷറർ വിദ്യ എം വി സ്വാഗതം പറഞ്ഞു.തൃശൂർ മലയാള ഐക്യവേദി പ്രസിഡൻ്റ് രാജേഷ് എം ആർ അധ്യക്ഷത വഹിച്ചു. ഐ ഷൺമുഖദാസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ശശികുമാർ, മലയാള അദ്ധ്യാപക ഫെഡറേഷൻ പ്രതിനിധി ഫിലിപ്പ്,മലയാള ഐക്യവേദി സംസ്ഥാന ജോ. സെക്രട്ടറി പി വി രമേശൻ, സെക്രട്ടറി ആദർശ് സി എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. പഞ്ചമി ജയശങ്കർ നന്ദിയും പറഞ്ഞു. തുടർന്ന് ഭീമ ഹർജി നൽകുന്നതിനുവേണ്ടിയുള്ള ഒപ്പിടൽ ശേഖരം സാഹിത്യ അക്കാദമി പരിസരത്ത് നടന്നു.



