സിപിഎമ്മിലേക്കെത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളി ശശി തരൂര്‍

ദില്ലി: സിപിഎമ്മിലേക്കെത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളി ശശി തരൂര്‍. ദുബായില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ശശി തരൂര്‍ പറയുന്നത്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോടെ പറയൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാഞ്ഞത് അവര്‍ ക്ഷണിച്ച സമയത്ത് ഞാന്‍ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പറയാനില്ല, കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും ചോദ്യങ്ങള്‍ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോള്‍ സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.
നേതൃത്വവുമായി ചര്‍ച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂര്‍ നല്‍കിയത്. മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി കൈകൊടുക്കാന്‍ മടിച്ച തരൂര്‍ ഇടതിന് കൈകൊടുക്കുമോ എന്നതാണ് നിലവിലെ ചര്‍ച്ച. രാഹുല്‍ അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ നീക്കം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരന്‍ എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടിക്കാഴാചയും ചര്‍ച്ചയും നടന്നെന്നുള്ള വാര്‍ത്തകള്‍ പൂര്‍ണമായി തള്ളിയിരിക്കുകയാണ് തരൂര്‍.
അതേസമയം, ഇന്ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി നയ രൂപീകരണ യോഗത്തിലും ശശി തരൂര്‍ പങ്കെടുത്തില്ല. നയ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു. നാളെ നടക്കാനിരുന്ന രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ദുബായില്‍ നിന്ന് തരൂര്‍ ദില്ലിയിലേക്ക് തിരിച്ചെത്തിയത് ഇന്ന് രാത്രിയാണ്.


