Business

രണ്ടാം തവണയും സ്വര്‍ണവില കൂടി

സംസ്ഥാനത്ത് രണ്ടാം തവണയും സ്വര്‍ണവില കൂടി. രണ്ട് തവണയായി പവന് കൂടിയത് 5,450 രൂപയാണ്. സ്വര്‍ണവും വെള്ളിയും സര്‍വകാല കുതിപ്പിലാണ്. രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 4,800 ഡോളറിന് മുകളിലെത്തി. വെള്ളിവിലയും സര്‍വകാല റെക്കോഡിലെത്തി. വെള്ളി കിലോക്ക് മൂന്നേകാല്‍ ലക്ഷം രൂപയിലാണ് വില്‍പന.

ആഗോള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും ഡോളറിന് കരുത്ത് കുറയുന്നതും സ്വര്‍ണക്കുതിപ്പിന് ആക്കം കൂട്ടി. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സ്വര്‍ണക്കുതിപ്പിന് വേഗം കൂട്ടിയത്. ആശങ്കയിലായ യൂറോപ്യന്‍ നിക്ഷേപകര്‍ കയ്യിലുള്ള പെന്‍ഷന്‍ ഫണ്ടും അമേരിക്കന്‍ ഓഹരികളും വിറ്റഴിച്ച് സ്വര്‍ണത്തിലേക്ക് മാറിയതോടെ രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 4,800 ഡോളറിന് മുകളിലെത്തി.

ഇന്നലെ മൂന്ന് തവണയായി 3,160 രൂപ കൂടിയ ശേഷം വൈകുന്നേരത്തോടെ പവന് 560 രൂപ കുറഞ്ഞ് പവന് 1,08,840 രൂപയിലെത്തി. ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്ന് പവന് രാവിലെ 3,650 രൂപ കൂടി 1,13,520 രൂപയിലെത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ വില വീണ്ടും കൂടി. ഇത്തവണ പവന് കൂടിയത് 1,800 രൂപ. പവന് 1,15,320 രൂപ. ഈ വര്‍ഷം 160 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ വെള്ളിയും സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 10 രൂപ കൂടി 325 രൂപയിലാണ് വില്‍പന.

ലാഭമെടുപ്പിന്റേതായ തിരുത്തല്‍ വന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. പണിക്കൂലിയും ജി എസ് ടിയും ചേര്‍ത്ത് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്ന് 1,21,000 രൂപയിലേറെ നല്‍കണം. വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button