
കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ eemployment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.




