Blog

നടി ശാരദയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.

അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ൽ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്.

1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെ 1965ൽ മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന്, എം.ടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്‌ത ‘മുറപ്പെണ്ണ്’, എം.ടിയുടെ തന്നെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്‌ത ‘ഇരുട്ടിൻ്റെ ആത്മാവ്’എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിൻ്റെ പ്രിയങ്കരിയായി. ഉദ്യോഗസ്‌ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, രാപ്പകൽ തുടങ്ങി 125 ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ൽ നടന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button