
ക്രിസ്മസ്- പുതുവത്സര വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുള്‍പ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്. ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോള്‍ പമ്പുകളിലെയും റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്.
തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്ക്, എറണാകുളം മറൈന്‍ഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകള്‍. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനംവരെ വിലക്കുറവിലായിരുന്നു വില്‍പ്പന.
പ്രത്യേക ഫെയറുകളില്‍ മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. 40.94 ലക്ഷം രൂപയുടെ സബ്‌സിഡി ഇനങ്ങളും 33.06 ലക്ഷം രൂപയുടെ സബ്‌സിഡിയിതര ഇനങ്ങളും വിറ്റുപോയി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. 16.19 ലക്ഷം രൂപയുടെ സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെയാണിത്. അവശ്യസാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സപ്ലൈകോയ്ക്ക് കഴിഞ്ഞു.



