വടക്കാഞ്ചേരി വോട്ടുകോഴ ആരോപണം: വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് എം.വി. ഗോവിന്ദന്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടുകോഴ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സിപിഎം ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും ജനവിധി അംഗീകരിക്കുന്ന നിലപാടിലാണ് പാര്‍ട്ടിയെന്നും വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും ആരോപണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും കുതിരക്കച്ചവടത്തിന് സിപിഎം ഇല്ലെന്നും എം.വി. ഗോവിന്ദന് ആവര്‍ത്തിച്ചു. അനില്‍ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായും, തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നതെന്നും അറിയിച്ചു.
ഇതിനിടെ കൂറുമാറി വോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന ലീഗ് സ്വതന്ത്ര അംഗം ഇ.യു. ജാഫര്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. രാജിവച്ചതിന് പിന്നാലെയാണ് ജാഫര്‍ പോയതെന്നും എവിടേക്കാണെന്ന് അറിയില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. കൂറുമാറി വോട്ട് ചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ശബ്ദരേഖയാണ് പുറത്തുവന്ന വിവാദങ്ങള്‍ക്ക് ആധാരം. 50 ലക്ഷം രൂപയോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്ന ഓപ്ഷനാണ് നല്‍കിയതെന്ന് ജാഫര്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.



