ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നുവെന്ന് വി.ഡി. സതീശന്‍

ശബരിമല സ്വര്‍ണ്ണകൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പൂര്‍ണമായും അസത്യവും അവാസ്തവവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം എസ്ഐടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിനായി നിയമിച്ച രണ്ട് പുതിയ ഉദ്യോഗസ്ഥര്‍ക്കും സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍, സിപിഐഎം നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. എസ്ഐടി അന്വേഷിക്കേണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഫോട്ടോ എടുത്തവരെക്കുറിച്ചല്ല, സ്വര്‍ണ്ണം മോഷ്ടിച്ചവരെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വടക്കഞ്ചേരിയിലും മറ്റത്തൂരിലും സംഭവിച്ച കാര്യങ്ങള്‍ അതിന്റെ ഉദാഹരണമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതിനിടയിലാണ് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സിപിഐഎം രംഗത്തെത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഗീയത പ്രചരിപ്പിക്കാന്‍ ചിലരെ മുന്നില്‍ നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് ആരോപിച്ച സതീശന്‍, വെള്ളാപ്പള്ളിയെ ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ തന്നെ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുവെന്നും പറഞ്ഞു. സിപിഐഎം-സിപിഐ ഭിന്നതയും തുടരുകയാണ്. ചോദ്യങ്ങളോട് വെള്ളാപ്പള്ളിക്ക് അസഹിഷ്ണുതയാണെന്നും മുസ്ലിം ലീഗിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ നാവായി വെള്ളാപ്പള്ളി പ്രതികരിക്കുകയാണെന്ന് പറഞ്ഞ സതീശന്‍, യു.ഡി.എഫ് കണ്‍വീനറെ എസ്ഐടി ചോദ്യം ചെയ്‌തോട്ടെയെന്നും അതുകൊണ്ട് അദ്ദേഹം പ്രതിയാകുമോയെന്നും ചോദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ മുഖ്യമന്ത്രി ആദ്യം പ്രതിയാകേണ്ടതല്ലേയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.




